കോട്ടയം: തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കേരള കോണ്‍ഗ്രസ്-എം വിട്ടുനിന്നെന്ന വാര്‍ത്ത തള്ളി ചെയർമാൻ ജോസ് കെ. മാണി. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് -എം പ്രതീകരിച്ചു.
കേരളത്തിനു പുറത്തു യാത്രയില്‍ ആയതിനാലാണു പാര്‍ട്ടി ചെയര്‍മാനു തിരുവനന്തപുരത്തെ സമരപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജുമടക്കം പാര്‍ട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ കേരള കോണ്‍ഗ്രസ് എം നെ സമൂഹമധ്യത്തില്‍ കരിവാരിത്തേക്കുകയെന്ന അജൻഡയാണുള്ളതെന്നും പാര്‍ട്ടി ചെയര്‍മാന്റെ ഓഫീസ് നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയോഗം 16ന്
കോട്ടയം: മുന്നണമാറ്റം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയോഗം 16നു നടക്കും. ചെയര്മാന് ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലാണു യോഗം.
മുന്നണി മാറ്റം സംബന്ധിച്ചും രാഷ്ട്രീയ നിലപാട് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുമെന്ന് പാര്‍ട്ടിയുടെ നേതാക്കള്‍ അനൗദ്യോഗികമായി സൂചിപ്പിച്ചു. അതേസമയം മധ്യേമേഖല എല്‍ഡിഎഫ് റാലി കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ നയിക്കുമെന്ന മുന്നണി ധാരണയ്ക്കിടെയാണു മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നത്.